മാണിക്കൽ ഗ്രാമപഞ്ചായത്തിന് അംഗീകാരം
ജലസംരക്ഷണം, ജലവിതരണം, മാലിന്യ നിർമ്മാർജ്ജനം എന്നിവയിൽ മികച്ച ഇടപെടലുകൾ നടത്തിയ മാണിക്കൽ ഗ്രാമപഞ്ചായത്തിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ അംഗീകാരം. മഹാരാഷ്ട്ര പൂനെയിൽ 2022സെപ്റ്റംബർ 22,23,24 തീയതികളിൽ നടക്കുന്ന ദേശീയ ശില്പശാലയിൽ പങ്കെടുക്കുവാനാണ് മാണിക്കൽ ഗ്രാമപഞ്ചായത്തിനെ തെരെഞ്ഞെടുത്തിട്ടുള്ളത്. കേരളത്തിൽ നിന്നും പത്ത് പഞ്ചായത്തുകൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ നിന്നും മാണിക്കൽ ഗ്രാമപഞ്ചായത്ത് മാത്രമാണുള്ളത്. മാണിക്കൽ ഗ്രാമപഞ്ചായത്തിൽ മികച്ച രീതിയിലുള്ള ജലസംരക്ഷണ പദ്ധതികൾ, ജലവിതരണ പദ്ധതികൾ, ഹരിത കർമ്മ സേനയുടെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനം MCF, RRF എന്നിവ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളതാണ്. സോളിഡ് വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, ലിക്യുഡ് വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ പ്രവർത്തനം ആരംഭ ഘട്ടത്തിലാണ്.
ജലനിധി പദ്ധതി പ്രകാരം 26പദ്ധതികളാണ് ഈ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. മഴവെള്ള സംഭരണി ഉൾപ്പെടെയുള്ള അനുബന്ധ സംവിധാനങ്ങളും നിലവിലുണ്ട്.2500കുടുംബങ്ങൾ ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്നു.
ജലജീവൻ പദ്ധതി ഈ പഞ്ചായത്തിൽ ആരംഭിച്ചു കഴിഞ്ഞു. ആയതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വാട്ടർ ടാങ്കുകളുടെ നിർമ്മാണവും പൈപ്പ് സ്ഥാപിക്കലും നടന്നു വരുന്നു.
മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ ജലസംരക്ഷണ പദ്ധതിയാണ് “പുഴയൊഴുകും മാണിക്കൽ”. അതിന്റെ ഭാഗമായി ശുചിത്വമുള്ള ജലസ്രോതസ്സുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളേയും തൊഴിലുറപ്പ് പദ്ധതിയേയും സംയോജിപ്പിച്ചു കൊണ്ട് പ്രവർത്തനങ്ങൾ നടത്തിവരുന്നു.
തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ 51ജലസ്രോതസ്സുകൾ പുനരുദ്ധരിക്കുകയും നടപ്പാതകൾ സജ്ജമാക്കുകയും ചെയ്തു.57 കിലോമീറ്ററോളം വരുന്ന ഈ പദ്ധതിയിൽ പ്രകൃതിദത്ത തടയണകളും നിർമ്മിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ ഏറെ പ്രയോജനപ്രദമായ രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു. മേൽ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പഞ്ചായത്തിന് അംഗീകാരം ലഭിച്ചിട്ടുള്ളത്. ശില്പശാലയിൽ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുതിരകുളം ജയൻ പങ്കെടുക്കുന്നു.
0 Comments