ഹൈ വോൾട്ടേജ് ആക്‌ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളും കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതവും അതിലുപരി തീപ്പൊരി നായകനുമുള്ള ഒരു പക്കാ ഷാജി കൈലാസ് ചിത്രം- ‘കടുവ6യെ ഇങ്ങനെ വിശേഷിപ്പിക്കാം. 9 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് എന്ന തീപ്പൊരി സംവിധായകന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവാണ് കടുവ. ജിനു എബ്രഹാമിന്റേതാണ് തിരക്കഥ. ആദം ജോൺ, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിനുവും പൃഥ്വിയും വീണ്ടും ഒന്നിക്കുന്നു. ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സ്‌ക്രീനിൽ ‘കടുവയിറങ്ങിയത്’ എന്ന പ്രത്യേകതയുമുണ്ട്.
മലയാളത്തിൽ പൊതുവേ ഇപ്പോൾ ക്രൈം തില്ലർ സീസണാണ്. റിയലിസ്റ്റിക് സിനിമകൾക്കിടയിൽ അന്യംനിന്നുപോയ മാസ് ആക്‌ഷൻ സിനിമ ഒരിടവേളയ്ക്കു ശേഷം തിരികെയെത്തുന്നു എന്നതാണ് ‘കടുവ’യെ വ്യത്യസ്തമാക്കുന്നത്.
തൊണ്ണൂറുകളാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. പാലായിലെ പ്ലാന്ററും പ്രമാണിയുമാണ് കടുവാക്കുന്നേൽ കുര്യച്ചൻ. അയാളും നാട്ടിലെ ഒരു ഉന്നതപോലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടാകുന്ന പിണക്കവും അതിന്റെ അനന്തരഫലങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘അയ്യപ്പനും കോശിയും’ പോലെ ഈഗോ തന്നെയാണ് ‘കടുവ’യിലും യഥാർഥ വില്ലനാകുന്നത്.
പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ കടുവാക്കുന്നേൽ കുര്യച്ചനായി എത്തുന്നു. സംയുക്ത മേനോനാണ് നായിക. വിവേക് ഒബ്‌റോയ് ശക്തനായ പ്രതിനായകനായെത്തുന്നു. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രാഹുൽ മാധവ്, സീമ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
0 Comments