നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ കീഴ്പ്പാക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മലയാളം, തമിഴ്,കന്നട, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.മലയാളത്തിൽ ‘ഋതുഭേദം,’ ‘ഡെയ്സി,’ ‘ഒരു യാത്രാമൊഴി’ എന്നീ ചിത്രങ്ങളും തെലുഗിൽ ‘ചൈതന്യ’ എന്ന ചിത്രവും തമിഴിൽ ‘ജീവ,’ ‘വെറ്റ്രിവിഴ,’ ‘ലക്കിമാൻ’ തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധ നേടിയവയാണ്.
1952ൽ തിരുവനന്തപുരത്ത് ആയിരുന്നു ജനനം. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ‘ആരവം’ എന്ന ചിത്രത്തിലേക്ക് പോത്തനെ ക്ഷണിക്കുകയായിരുന്നു. പിന്നീട് ‘തകര,’ ‘ചാമരം,’ ‘ലോറി’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ‘നെഞ്ചെത്തെ കിള്ളാതെ,’ ‘പന്നീർ പുഷ്പങ്ങൾ,’ ‘വരുമയിൻ നിറം ശിവപ്പു’ എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും അദ്ദേഹത്തെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘വരുമയിൻ നിറം ശിവപ്പു’ എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ ഏറെ ശ്രദ്ധ നേടിയത്.
0 Comments