യൂണിഫോമിലല്ലെങ്കിൽ തൊണ്ടിമുതൽ സ്വീകരിക്കില്ല, റീജണൽ ഫൊറൻസിക് ലബോറട്ടറി നിബന്ധനയിൽ വലഞ്ഞ് പോലീസ്…
ആഭ്യന്തരവകുപ്പിനുകീഴിലുള്ള കണ്ണൂർ റീജണൽ ഫൊറൻസിക് ലബോറട്ടറിയിൽ യൂണിഫോമില്ലാത്തവരിൽനിന്ന് തൊണ്ടിസാധനങ്ങൾ സ്വീകരിക്കില്ലെന്ന നിബന്ധനയും അത് സ്വീകരിക്കുന്നതിലേർപ്പെടുത്തിയ സമയക്രമീകരണവും പോലീസുകാരെ വലയ്ക്കുന്നു.
അനാവശ്യനിയന്ത്രണം അടിച്ചേൽപ്പിക്കുകയാണെന്ന വാദമാണുയർന്നിട്ടുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള തൊണ്ടിമുതലുകളുടെ രാസപരിശോധനയ്ക്ക് ചുമതലപ്പെട്ട ഓഫീസാണിത്. പോലീസ് സ്റ്റേഷനിൽനിന്ന് അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരാണ് കോടതിയിൽ ഹാജരാക്കിയ സീൽചെയ്ത തൊണ്ടിമുതലുകൾ ഫോറൻസിക് ലാബിലെത്തിക്കുന്നത്. ആരാണ് തൊണ്ടിമുതലുകൾ കോടതിയിൽനിന്ന് ഏറ്റുവാങ്ങുന്നതെന്നും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ആരാണെന്നതിനുമെല്ലാം കൃത്യമായ രേഖയും നടപടിക്രമങ്ങളുമുണ്ട്. വിവരങ്ങൾ റജിസ്റ്ററിൽ സൂക്ഷിക്കുന്നുമുണ്ട്. ഇതുകൂടാതെ ഔദ്യോഗിക തിരിച്ചറിയൽ കാർഡും ലാബിലെ ഉദ്യോഗസ്ഥരെ കാണിക്കണം…
ഇത്തരത്തിലാണ് തൊണ്ടിസാധനങ്ങൾ എത്തിക്കാനുള്ള നടപടിക്രമങ്ങളെന്നിരിക്കെ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ നിർബന്ധമായും യൂണിഫോമിൽമാത്രമേ ലാബിൽ എത്താൻപാടുള്ളൂവെന്നാണ് കണ്ണൂർ ലാബിലെ ജോയിന്റ് കെമിക്കൽ എക്സാമിനറുടെ നോട്ടീസ്. ഈ അറിയിപ്പ് നോട്ടീസ്ബോർഡിൽ വന്നതോടെ പ്രതിഷേധമുയർന്നിട്ടുണ്ട്. ലാബിന്റെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുംവേണ്ടിയാണ് ഈ ക്രമീകരണമെന്നും എല്ലാ ഉദ്യോഗസ്ഥരും സഹകരിക്കണമെന്നുമാണ് ജോയിന്റ് കെമിക്കൽ എക്സാമിനർ അഭ്യർഥിച്ചിരിക്കുന്നത്…
എന്നാൽ, ലാബിലെത്തിയാൽ വിവിധ കാരണങ്ങളാൽ വലയുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് പോലീസുകാർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിലാണ് പരിശോധനയ്ക്കായി തൊണ്ടിമുതലുകൾ സ്വീകരിക്കുന്ന സമയത്തിൽ ക്രമീകരണമേർപ്പെടുത്തിയത്. രാവിലെ 10.30 മുതൽ 12.30 വരെയും അതിനുശേഷം ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് നാലുവരെയുംമാത്രമേ തൊണ്ടിമുതലുകൾ സ്വീകരിക്കൂവെന്നാണ് നിബന്ധന. നിലവിലെ ഓഫീസ് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണിതെന്ന് പോലീസുകാർ കുറ്റപ്പെടുത്തുന്നു. രാവിലെമുതൽ വൈകീട്ടുവരെയുള്ള ഓഫീസ് സമയത്തിനിടയിൽ എപ്പോഴും തൊണ്ടിസാധനങ്ങൾ സ്വീകരിക്കാൻ ലാബ് അധികൃതർ ബാധ്യസ്ഥരാണെന്ന് അവർ പറയുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സൗകര്യത്തിനാണ് സമയക്രമം നിജപ്പെടുത്തിയതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം
0 Comments